തൃശൂർ പൂരം; കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിൽ
തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഉജ്വല തുടക്കം. ആദ്യ ഘടകപൂരമായ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പോടെ ആഘോഷങ്ങൾക്ക് തുടക്കമായി. പുലർച്ചെ അഞ്ചരയോടെയാണ് എഴുന്നള്ളത്ത് ആരംഭിച്ചത്. ദേവഗുരു സങ്കൽപ്പത്തിലുള്ള ശാസ്താവ്, നാഗസ്വരത്തിന്റെ അകമ്പടിയോടെ പുറപ്പെട്ട് കുളശ്ശേരി ക്ഷേത്രത്തിൽ വിശ്രമിച്ചതിന് ശേഷം ഏഴരയോടെ വടക്കുംനാഥ ക്ഷേത്രത്തിൽ പ്രവേശിച്ചു. ശാസ്താവ് വൃദ്ധനാണ് എന്നും, വെയിലേറ്റാൽ തലവേദന വരുമെന്നുമുള്ള സങ്കൽപ്പത്തെ അടിസ്ഥാനപ്പെടുത്തി പൂരം പുലർച്ചെ നടത്തുന്നതാണ്. ദേവഗുരുവായതിനാല്‍ വടക്കുംനാഥനെ വലംവയ്ക്കുകയോ വണങ്ങുകയോ ചെയ്യാത്ത മൂര്‍ത്തിയാണ് കണിമംഗലം ശാസ്താവ്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവീ, ദേവൻമാരും വടക്കുംനാഥനെ വണങ്ങാനെത്തും. ചെമ്പൂക്കാവ് ഭഗവതിക്ക് ഇത്തവണ ഗജചക്രവർത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പെറ്റുന്നുണ്ട്. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് ഏഴരയോടെ ആരംഭിച്ചു. 11.30-ന് മഠത്തിൽ വരവോടൊപ്പം പഞ്ചവാദ്യവും നടക്കും. പാറമേക്കാവ് ഭഗവതി 12 മണിയോടെ ക്ഷേത്രത്തിലെത്തും. രണ്ടരയ്ക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിലാണ് മേളം. വൈകീട്ട് അഞ്ചരയോടെ കുടമാറ്റം. നാളെ പുലർച്ചെ മൂന്ന് മണിയോടെയായിരിക്കും വെടിക്കെട്ട്.